
കൊഴിയുമീ മുടിയൊപ്പം പൊഴിയുന്നു കാലം
ഉച്ചമയക്കം നിനവറിയിച്ചു
പാതിച്ചടവില് കാലമളക്കാന്‍
ഒരുക്കങ്ങളില്ലാതൊരുമ്പെട്ടു
നെടിയകോലോ കൈച്ചൊട്ടയോ?
ഏതുവേണമായുധമാകുവാന്?
ഉപകരണപ്പെട്ടിയിലെ കൂട്ടുകാര്‍
കൂട്ടമായെത്തി;
മട്ടം, ത്രികോണം, കോമ്പസ്;
ഇന്നോളം ഉപയോഗം തിരിയാത്ത ഡിവൈഡര്‍
ഏതുവേണമായുധമാകുവാന്?
ഒരു മുടി ഒരുനാളെന്നെണ്ണാം
ഒരു നാളെ പല നാളെന്നറിയാം
ഒന്നിനും പലതിനും ഇടനേരമെപ്പോഴോ
ഒരു വിരലറിയാതെ മുടിയില്‍ പരതി
കൊഴിഞ്ഞ മുടിയിടയില്‍
വിളര്‍ത്ത ചിരിയോടെ
ഉച്ച മയങ്ങുന്നു കാലം.