Friday, October 3, 2008

മുടികൊഴിച്ചില്‍



കൊഴിയുമീ മുടിയൊപ്പം പൊഴിയുന്നു കാലം
ഉച്ചമയക്കം നിനവറിയിച്ചു
പാതിച്ചടവില്‍ കാലമളക്കാന്‍
ഒരുക്കങ്ങളില്ലാതൊരുമ്പെട്ടു
നെടിയകോലോ കൈച്ചൊട്ടയോ?
ഏതുവേണമായുധമാകുവാന്‍?

ഉപകരണപ്പെട്ടിയിലെ കൂട്ടുകാര്‍
കൂട്ടമായെത്തി;
മട്ടം, ത്രികോണം, കോമ്പസ്;
ഇന്നോളം ഉപയോഗം തിരിയാത്ത ഡിവൈഡര്‍
ഏതുവേണമായുധമാകുവാന്‍?

ഒരു മുടി ഒരുനാളെന്നെണ്ണാം
ഒരു നാളെ പല നാളെന്നറിയാം
ഒന്നിനും പലതിനും ഇടനേരമെപ്പോഴോ
ഒരു വിരലറിയാതെ മുടിയില്‍ പരതി
കൊഴിഞ്ഞ മുടിയിടയില്‍
വിളര്‍ത്ത ചിരിയോടെ
ഉച്ച മയങ്ങുന്നു കാലം.

Saturday, September 27, 2008

ഉപ്പുകാലം


കടുത്ത വേനലില്‍ കടലിറങ്ങി
കരയിലെ വെളുത്ത മണ്ണിലൊരുപ്പു കൂട്ടി
ചുറ്റും 'കടലമ്മ കള്ളി'യെന്നെഴുതി
നോക്കിയിരുപ്പായ്;
ഒരു തിര മെല്ലെ കടലേറി-
കരയേറി വന്നതെടുത്തു പോയി.

പെരുത്ത മരപ്പില്‍ കവിതയിറങ്ങി
മൂടിയ മടുപ്പിനാലൊരുപ്പു കൂട്ടി
ചുറ്റും 'കവിതയൊരു കള്ളക്കളി'യെന്നെഴുതി
കാത്തിരുപ്പായി;
ഒരു തിര മെല്ലെ
കരയേറി വന്നതുമെടുത്തുപോയെങ്കിലോ?


ഉപ്പു കൂട്ടുകയെന്നാല്‍ ചെറിയ മണല്‍ക്കൂനകളുണ്ടാക്കുക എന്നര്‍ത്ഥം.


Thursday, September 25, 2008

പാചകകുറിപ്പ്


ഒരുപിടി അറിവിനെ
നന്നായി കഴുകിയുലര്‍ത്തി
ഒരു തവിയനുഭവത്തില്‍
മൂപ്പോളം വഴറ്റി
വട്ടത്തില്‍ നീളത്തില്‍
ഇഷ്ടാനുസാരം മുറിച്ച്
മുന്നേ ചേര്‍ത്തരച്ച
ഓര്‍മ്മകളുടെ അരപ്പു ചേര്‍ത്ത്
ഉപ്പോളം കാലം
ആവശ്യമാത്രം ചേര്‍ത്ത്
സ്വാദേറ്റാന്‍ അതിന്മേല്‍
നര്‍മ്മത്തിന്‍ താളി വറുത്ത്
അല്പ നിമിഷം
വായനയുടെ ഇളം വേവില്‍ വെയ്ക്കുക
കവിത തയ്യാര്‍!

കുറിപ്പ്: ചൂടാറും മുന്നേ വിളമ്പുന്ന കാര്യം പ്രത്യേകം ഓര്‍മ്മിക്കുക.

അല്ലെങ്കില്‍

അറിവ് - 1 പിടി (നന്നായി കഴുകി ഉലര്‍ത്തിയത്)
അനുഭവം - 1 തവി
അറിവിനെ അനുഭവത്തില്‍ വഴറ്റുക
മൂപ്പെത്തും വരെ,
വട്ടത്തിലോ നീളത്തിലോ മുറിക്കാം
ഓര്‍മ്മകള്‍ അരച്ചത്
ചേര്‍ത്ത് നന്നായിളക്കുക
അതിനുശേഷം നര്‍മ്മം താളിയായി വറത്തു ചേര്‍ത്ത്
കാലം ആവശ്യം പോലെ ചേര്‍ത്ത്
വായനയുടെ ഇളം വേവില്‍ വെയ്ക്കുക
കവിത തയ്യാര്‍
ചൂടാറുന്നതിനു മുന്‍പ് ഈ വിഭവം വിളമ്പുക.
*2003ല്‍ എഴുതിയത്