Saturday, September 27, 2008

ഉപ്പുകാലം


കടുത്ത വേനലില്‍ കടലിറങ്ങി
കരയിലെ വെളുത്ത മണ്ണിലൊരുപ്പു കൂട്ടി
ചുറ്റും 'കടലമ്മ കള്ളി'യെന്നെഴുതി
നോക്കിയിരുപ്പായ്;
ഒരു തിര മെല്ലെ കടലേറി-
കരയേറി വന്നതെടുത്തു പോയി.

പെരുത്ത മരപ്പില്‍ കവിതയിറങ്ങി
മൂടിയ മടുപ്പിനാലൊരുപ്പു കൂട്ടി
ചുറ്റും 'കവിതയൊരു കള്ളക്കളി'യെന്നെഴുതി
കാത്തിരുപ്പായി;
ഒരു തിര മെല്ലെ
കരയേറി വന്നതുമെടുത്തുപോയെങ്കിലോ?


ഉപ്പു കൂട്ടുകയെന്നാല്‍ ചെറിയ മണല്‍ക്കൂനകളുണ്ടാക്കുക എന്നര്‍ത്ഥം.


Thursday, September 25, 2008

പാചകകുറിപ്പ്


ഒരുപിടി അറിവിനെ
നന്നായി കഴുകിയുലര്‍ത്തി
ഒരു തവിയനുഭവത്തില്‍
മൂപ്പോളം വഴറ്റി
വട്ടത്തില്‍ നീളത്തില്‍
ഇഷ്ടാനുസാരം മുറിച്ച്
മുന്നേ ചേര്‍ത്തരച്ച
ഓര്‍മ്മകളുടെ അരപ്പു ചേര്‍ത്ത്
ഉപ്പോളം കാലം
ആവശ്യമാത്രം ചേര്‍ത്ത്
സ്വാദേറ്റാന്‍ അതിന്മേല്‍
നര്‍മ്മത്തിന്‍ താളി വറുത്ത്
അല്പ നിമിഷം
വായനയുടെ ഇളം വേവില്‍ വെയ്ക്കുക
കവിത തയ്യാര്‍!

കുറിപ്പ്: ചൂടാറും മുന്നേ വിളമ്പുന്ന കാര്യം പ്രത്യേകം ഓര്‍മ്മിക്കുക.

അല്ലെങ്കില്‍

അറിവ് - 1 പിടി (നന്നായി കഴുകി ഉലര്‍ത്തിയത്)
അനുഭവം - 1 തവി
അറിവിനെ അനുഭവത്തില്‍ വഴറ്റുക
മൂപ്പെത്തും വരെ,
വട്ടത്തിലോ നീളത്തിലോ മുറിക്കാം
ഓര്‍മ്മകള്‍ അരച്ചത്
ചേര്‍ത്ത് നന്നായിളക്കുക
അതിനുശേഷം നര്‍മ്മം താളിയായി വറത്തു ചേര്‍ത്ത്
കാലം ആവശ്യം പോലെ ചേര്‍ത്ത്
വായനയുടെ ഇളം വേവില്‍ വെയ്ക്കുക
കവിത തയ്യാര്‍
ചൂടാറുന്നതിനു മുന്‍പ് ഈ വിഭവം വിളമ്പുക.
*2003ല്‍ എഴുതിയത്

Tuesday, September 23, 2008

ചിത്രത്തില്‍ നിന്നൂര്‍ന്ന്

ഒരിക്കല്‍
കുഞിന്റെ നിലവിളി കേട്ട്
ചിത്രകാരന്‍ നീങ്ങിയ തക്കം
ചിത്രത്തില്‍ നിന്നൊരു ചീന്തിറങ്ങി
ദൂരേയ്ക്കു പാറി.

അകലെ
മലമേലൊരു ചിത്രവിരിപ്പ്
ബലപ്പെട്ടടരവേ കിനിഞ്ഞ ചോര
മലമുറിഞ്ഞൊരു നാട്ടുവഴിയായ് കിടന്നു.
നനഞ്ഞരണ്ട പച്ചയില്‍ വരിനിര തെറ്റി
മുഷിഞ്ഞ മഞ്ഞപുതച്ച് കല്ലറകള്‍.
പുകമഞ്ഞുയര്‍ന്നു നീങ്ങേ അറകള്‍ക്കുമേല്‍
ചുരുണ്ടുകൂടി തണുപ്പാറ്റി ചിലര്‍.
ബീഡി പുകച്ച്
തമ്മില്‍ മിണ്ടാതെ, നോക്കാതെ
അരികെത്തുന്ന അപരന്
കൈയ്യുയര്‍ത്തി അഭിവാദ്യം.

മേലെ കോണിലൊരു കല്ലറമേല്‍
കുന്തിച്ചൊരുവന്‍!
പരിചിത മുഖം, പഴകിയ ചിരി!
നോക്കിലെ ചോദ്യമറിഞ്ഞയാള്‍
ചിത്രം വരഞ്ഞതും കുഞ്ഞുകരഞ്ഞതും
തിരഞ്ഞുനടന്നതും, ഇങ്ങോളമായതും
മറുപടിയാക്കവേ,
തോളത്തൊരു തട്ടിയുണര്‍ത്തല്‍?
“ചുരമിറങ്ങി തീര്‍ന്നു
എണീക്ക് വണ്ടിയിറങ്ങ്”
അരികില്‍ ചിത്രകാരന്റെ പഴകിയ ചിരി.

Monday, September 22, 2008

കടലോരത്തൊരുനേരം

വൈകിയ നേരത്തെ
വാചാല വീഥിയില്‍
മടുപ്പിനൊരു മറുകയ്യായി
കടലോരം കടന്നെത്തി.

അവധിദിനത്തിലെ തിരക്കുപൂണ്ട വിശ്രമം
ഓരവും കടലും ആതിഥേയ തിരക്കില്‍.
മധുപാനലഹരിയില്‍ നുരയുന്ന ചിരികള്‍-
തീരത്തു തുള്ളിച്ചാട്ടങ്ങള്‍.
വാണിജ്യചെറുപറുദീസകള്‍ തേടി,
ചെറിയ ചെറിയ പെരുങ്കൂട്ടങ്ങള്‍.

അസ്തമനത്തിരക്കും സമാധാനവും
ചേര്‍ന്നു നെയ്തൊരാലസ്യം
കൂട്ടുചേര്‍ന്നിരിപ്പിനു മീതെ പുതയുന്നു.
പുതപ്പിനിഴയിട നൂഴ്ന്ന്,
കുഴഞ്ഞനാവില്‍ നിന്നൊരു-
പരുത്ത തെറി.

ഒറ്റ നോട്ടം,
ഒരു കാഴ്ച
തണുവും ചൂടും കലര്‍ത്തി പടിഞ്ഞാറന്നൊരു സാന്ത്വനം.
ഇടമുറിഞ്ഞൊരു-
അസ്തമയക്കാഴ്ച,
കനത്ത കല്ലുകള്‍ക്കിടയില്‍ ഞെരിഞ്ഞമര്‍ന്നൊരു-
മരണക്കാഴ്ച.
കല്ലിന്മേല്‍ ഒരു കുത്തിയിരിപ്പ്,
കയര്‍ക്കുന്ന നാട്ടുമര്യാദകള്‍,
കരയണയുന്നദ്ധ്വാനം.

മനസ്സിലെ കിടുകിടുപ്പാറ്റി,
തമ്മിലൊരു നോട്ടം,
തടിയുടെ തരിപ്പു കൈമാറ്റി
ഒരു ചേര്‍ന്നിരിപ്പ്.
വയറ്റില്‍ പുതുതായുയിരെടുത്തൊരു
കാളും വിശപ്പ്,
വിശപ്പിനുത്തരം തേടി
തിടുക്കത്തിലൊരു മടക്കപ്പാച്ചില്‍.