Tuesday, September 23, 2008

ചിത്രത്തില്‍ നിന്നൂര്‍ന്ന്

ഒരിക്കല്‍
കുഞിന്റെ നിലവിളി കേട്ട്
ചിത്രകാരന്‍ നീങ്ങിയ തക്കം
ചിത്രത്തില്‍ നിന്നൊരു ചീന്തിറങ്ങി
ദൂരേയ്ക്കു പാറി.

അകലെ
മലമേലൊരു ചിത്രവിരിപ്പ്
ബലപ്പെട്ടടരവേ കിനിഞ്ഞ ചോര
മലമുറിഞ്ഞൊരു നാട്ടുവഴിയായ് കിടന്നു.
നനഞ്ഞരണ്ട പച്ചയില്‍ വരിനിര തെറ്റി
മുഷിഞ്ഞ മഞ്ഞപുതച്ച് കല്ലറകള്‍.
പുകമഞ്ഞുയര്‍ന്നു നീങ്ങേ അറകള്‍ക്കുമേല്‍
ചുരുണ്ടുകൂടി തണുപ്പാറ്റി ചിലര്‍.
ബീഡി പുകച്ച്
തമ്മില്‍ മിണ്ടാതെ, നോക്കാതെ
അരികെത്തുന്ന അപരന്
കൈയ്യുയര്‍ത്തി അഭിവാദ്യം.

മേലെ കോണിലൊരു കല്ലറമേല്‍
കുന്തിച്ചൊരുവന്‍!
പരിചിത മുഖം, പഴകിയ ചിരി!
നോക്കിലെ ചോദ്യമറിഞ്ഞയാള്‍
ചിത്രം വരഞ്ഞതും കുഞ്ഞുകരഞ്ഞതും
തിരഞ്ഞുനടന്നതും, ഇങ്ങോളമായതും
മറുപടിയാക്കവേ,
തോളത്തൊരു തട്ടിയുണര്‍ത്തല്‍?
“ചുരമിറങ്ങി തീര്‍ന്നു
എണീക്ക് വണ്ടിയിറങ്ങ്”
അരികില്‍ ചിത്രകാരന്റെ പഴകിയ ചിരി.

3 comments:

g sunil said...

ഒരിക്കല്‍
കുഞിന്റെ നിലവിളി കേട്ട്
ചിത്രകാരന്‍ നീങ്ങിയ തക്കം
ചിത്രത്തില്‍ നിന്നൊരു ചീന്തിറങ്ങി
ദൂരേയ്ക്കു പാറി.

ജിജ സുബ്രഹ്മണ്യൻ said...

നനഞ്ഞരണ്ട പച്ചയില്‍ വരിനിര തെറ്റി
മുഷിഞ്ഞ മഞ്ഞപുതച്ച് കല്ലറകള്‍.
പുകമഞ്ഞുയര്‍ന്നു നീങ്ങേ അറകള്‍ക്കുമേല്‍
ചുരുണ്ടുകൂടി തണുപ്പാറ്റി ചിലര്‍.

കൊള്ളാം. നന്നായിരിക്കുന്നു

Anonymous said...

"ഒരിക്കല്‍
കുഞിന്റെ നിലവിളി കേട്ട്
ചിത്രകാരന്‍ നീങ്ങിയ തക്കം
ചിത്രത്തില്‍ നിന്നൊരു ചീന്തിറങ്ങി
ദൂരേയ്ക്കു പാറി."

ഇത്രയും മനോഹരമായിട്ടുണ്ട്. മുന്നോട്ട് ഒരുപാടു പ്രതീക്ഷ നല്‍കുന്ന വരികള്‍.
പക്ഷെ അതിനെ ഒക്കെ അസ്ഥാനത്താക്കുന്ന രചനാരീതിയായിപ്പോയി പിന്നെ അങ്ങോട്ട്. ആശയത്തെ യാത്രയ്ക്കിടയിലെ ഒരു സ്വപ്നത്തിലേക്ക് വലിച്ചടുപ്പിക്കാനു കവിയുടെ വാശി പലസ്ഥലത്തും മുഴച്ചുനില്‍ക്കുന്നതായി കാണം.

ആദ്യത്തെ അഞ്ചുവരിയില്‍ തുടങ്ങി ഒരു ചന്തമുള്ള കവിതയ്ക്കിനിയും ബാല്യമുണ്ട് കൂട്ടുകാരാ.. ചിത്രതിന്റെ ഒരു ചിന്ത് ചിത്രകാരന്റെ ജീവിതത്തിലേക്കിറങ്ങി അതു കാണുന്ന കാഴ്ചകല്‍. അതിനു മടുത്ത് തിരികെ ചിത്രത്തില്‍ കയറി നിശ്ചലചിത്രമാകുന്ന ലെവലില്‍.
ഒക്കെപ്പറഞ്ഞിട്ട് സ്വപ്നമാക്കുന്ന പതിവു ഗിമിക്സിനേക്കാള്‍ മെച്ചമാകുമായിരുന്നില്ലേ?