Monday, September 22, 2008

കടലോരത്തൊരുനേരം

വൈകിയ നേരത്തെ
വാചാല വീഥിയില്‍
മടുപ്പിനൊരു മറുകയ്യായി
കടലോരം കടന്നെത്തി.

അവധിദിനത്തിലെ തിരക്കുപൂണ്ട വിശ്രമം
ഓരവും കടലും ആതിഥേയ തിരക്കില്‍.
മധുപാനലഹരിയില്‍ നുരയുന്ന ചിരികള്‍-
തീരത്തു തുള്ളിച്ചാട്ടങ്ങള്‍.
വാണിജ്യചെറുപറുദീസകള്‍ തേടി,
ചെറിയ ചെറിയ പെരുങ്കൂട്ടങ്ങള്‍.

അസ്തമനത്തിരക്കും സമാധാനവും
ചേര്‍ന്നു നെയ്തൊരാലസ്യം
കൂട്ടുചേര്‍ന്നിരിപ്പിനു മീതെ പുതയുന്നു.
പുതപ്പിനിഴയിട നൂഴ്ന്ന്,
കുഴഞ്ഞനാവില്‍ നിന്നൊരു-
പരുത്ത തെറി.

ഒറ്റ നോട്ടം,
ഒരു കാഴ്ച
തണുവും ചൂടും കലര്‍ത്തി പടിഞ്ഞാറന്നൊരു സാന്ത്വനം.
ഇടമുറിഞ്ഞൊരു-
അസ്തമയക്കാഴ്ച,
കനത്ത കല്ലുകള്‍ക്കിടയില്‍ ഞെരിഞ്ഞമര്‍ന്നൊരു-
മരണക്കാഴ്ച.
കല്ലിന്മേല്‍ ഒരു കുത്തിയിരിപ്പ്,
കയര്‍ക്കുന്ന നാട്ടുമര്യാദകള്‍,
കരയണയുന്നദ്ധ്വാനം.

മനസ്സിലെ കിടുകിടുപ്പാറ്റി,
തമ്മിലൊരു നോട്ടം,
തടിയുടെ തരിപ്പു കൈമാറ്റി
ഒരു ചേര്‍ന്നിരിപ്പ്.
വയറ്റില്‍ പുതുതായുയിരെടുത്തൊരു
കാളും വിശപ്പ്,
വിശപ്പിനുത്തരം തേടി
തിടുക്കത്തിലൊരു മടക്കപ്പാച്ചില്‍.

4 comments:

g sunil said...

വൈകിയ നേരത്തെ
വാചാല വീഥിയില്‍
മടുപ്പിനൊരു മറുകയ്യായി
കടലോരം കടന്നെത്തി.

Anonymous said...

ഈ ഒരു പോസ്റ്റില്‍ തൂങ്ങി ഞാന്‍ ഒരുപാടു പുതുമയുള്ള പോസ്റ്റുകളിലായി ഒരുപാടു വരികള്‍ വായിച്ചു.
വളരെ സന്തോഷം. റെഫ്രഷിങ് എന്നൊക്കെ പറയുന്നത് ഈ മുടികൊഴിച്ചിലിനെയാണ്.
ആ മുടിനാരിഴകള്‍ ഇനിയും കൊഴിയട്ടെ.

Anonymous said...

ഗഡീസ് എന്നാ അലക്കാണിത്?
ഈ കടലോരം കടന്നെത്തി എന്നു പറയുമ്പോള്‍ കടലിലേക്ക് എത്തിയെന്നാണാവോ?

എന്താണപ്പാ ശരിക്കും ഉദ്ദേശിച്ചത്?
കുറേ വാചകങ്ങള്‍ എഴുതിയിട്ട് ഇടയ്ക്കോരോ എന്റര്‍ അടിച്ചാല്‍ കവിതയാകുന്ന ഈ തത്വം ബൂലോകത്ത് ഒരു ഫാഷനായി മാറി എന്നതിനുള്ള ഇളമുറത്തെളിവാണിത്.

എന്തൂട്ടായാലും തകര്‍ത്തു. കാണാട്ടാ..

Anonymous said...

വളരെ നന്നായിട്ടുണ്ട്.